ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെയും രാഷ്ട്രീയ പാർട്ടികളെയും നേതാക്കളെയും വരുതിയിലാക്കാൻ ബ്രിട്ടീഷ് സർക്കാർ പണവും സൗജന്യങ്ങളും ഉപയോഗിച്ചിരുന്നു. അത് സംബന്ധിച്ച നിരവധി പരാമർശങ്ങൾ നാഷണൽ ആർക്കൈവ്‌സ്-ബ്രിട്ടീഷ് ലൈബ്രറി രേഖകളിൽ ഉണ്ടെങ്കിലും, അവയ്ക്ക് നേരിട്ട് തെളിവ് ലഭിക്കുന്നത് വളരെ വിരളമാണ്.
അതീവ രഹസ്യ തെളിവുകളും മിലിട്ടറി രഹസ്യങ്ങളും സ്വാതന്ത്ര്യലബ്ധിക്ക് മുൻപായി നശിപ്പിച്ചിരുന്നു എന്ന വിവരം 1949-ലെ ഇന്റലിജൻസ് രേഖകൾ വിശദീകരിക്കുന്നുണ്ട്. ആഭ്യന്തര വകുപ്പിലെ രഹസ്യാന്വേഷണ വിഭാഗവും മിലിട്ടറി രഹസ്യാന്വേഷണ വിഭാഗവും രണ്ടായാണ് ബ്രിട്ടീഷ് സർക്കാർ പ്രവർത്തിപ്പിച്ചിരുന്നത്. ബ്രിട്ടീഷ് മിലിട്ടറിയുടെ രഹസ്യ രേഖകൾ പൂർണ്ണമായി നശിപ്പിക്കപ്പെട്ടു. ആഭ്യന്തര വകുപ്പിൽനിന്ന് ലഭ്യമായ രഹസ്യ രേഖകളിലൂടെ മാത്രമാണ് ഇപ്പോൾ ടീം കേരളീയം ഉൾപ്പെടെയുള്ളവർ ചരിത്രപഠനം നടത്തുന്നത്.
അതായത് പാർട്ടിയും ബ്രിട്ടീഷ് സർക്കാരും തമ്മിലുണ്ടാക്കിയ രഹസ്യസന്ധി പ്രകാരം ജയിൽ മോചിതരായ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ ബ്രിട്ടീഷ് സൈന്യത്തിന്റെ ട്രെയിനിംഗ് സ്വീകരിച്ചതോ യുദ്ധമുഖത്ത് പോയതോ ആയ തെളിവുകളും, പാർട്ടിക്ക് ബ്രിട്ടീഷ് മിലിട്ടറി നൽകിയ പണത്തിന്റെയും ആയുധങ്ങളുടെയും ബ്രിട്ടീഷ് സർക്കാർ നൽകിയ "സബ്സിഡി"കളുടെയും തെളിവുകൾ നശിപ്പിക്കപ്പെട്ടു എന്ന് കരുതണം. ഇവയുടെ നേരിട്ടല്ലാത്ത തെളിവുകൾ ഇപ്പോഴും ലഭ്യമാണ്.
ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ മാത്രമല്ല മെക്സിക്കൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ കൂടെ സ്ഥാപക നേതാവാണ് എം.എൻ റോയി. ജർമ്മൻകാരിൽ നിന്ന് പണവും ആയുധങ്ങളും കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ വിട്ട റോയി പിന്നീട് മെക്സിക്കൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാവ് ആവുകയും അതിലൂടെ 1920-ലെ രണ്ടാം കോമിന്ടേണിൽ പങ്കെടുക്കുത്ത ഏക ഇന്ത്യക്കാരനാവുകയും ചെയ്തു. ലെനിനുമായി കൂടിക്കാഴ്ചക്ക് റോയിക്ക് അവസരം കിട്ടിയ എം.എന് റോയ് ലോക കമ്യൂണിസ്റ്റ് നേതാവായി മാറി. കോമിന്ടേണിന്റെ ഭാഗമായി 8 വര്ഷം റോയ് തുടര്ന്നു.
1920 ഒക്ടോബര് 17-ന് താഷ്ക്കന്റില് വെച്ച് ഇന്ത്യന് കമ്യൂണിസ്റ്റ് അനുഭാവികളായ എം.എന്.റോയിയും, റോയിയുടെ ഭാര്യ- ഈവ്ലിന് ട്രെന്റ്റും, അബാനി മുഖര്ജിയും അബാനിയുടെ ഭാര്യ- റോസ ഫ്ലിന്റോഫും, അഹമ്മദ് ഹസന് എന്ന മൊഹമ്മദ് അലിയും, മൊഹമ്മദ് ഷഫിക് സിദ്ദിഖി, റഫിക് അഹമ്മദ്, സുല്ത്താന് അഹമ്മദ് ഖാന് എന്നിവര് ചേര്ന്ന് ഇന്ത്യന് കമ്യൂണിസ്റ്റ് പാര്ട്ടി രൂപീകരിച്ചു. പ്രഥമ ജനറല്സെക്രട്ടറിയായി എം.എന്.റോയിയെ തിരഞ്ഞെടുക്കപ്പെട്ടു. എന്നാല് ഇതിനെ കമ്യൂണിസ്റ്റ് പാര്ട്ടി ഓഫ് ഇന്ത്യ-മാര്ക്സിസ്റ്റ് (CPI(M)) മാത്രമാണ് പാര്ട്ടി രൂപീകരണമായി അംഗീകരിക്കുന്നത്.
ജോസഫ് സ്റ്റാലിന് സോവിയറ്റ് റഷ്യയില് അധികാരത്തിലെത്തിയശേഷം ചൈനയിലെ കാര്ഷിക കലാപത്തിനെ സഹായിക്കാന് കോമിന്ടേണ് പ്രതിനിധികളെ നയിച്ചുകൊണ്ട് 1927 ഫെബ്രുവരിയില് ചൈനയിലെത്തി. തിരിച്ച് മോസ്കോയില് എത്തിയപ്പോഴേയ്ക്കും സ്റ്റാലിന് തന്റെ ഏകാധിപത്യനയങ്ങള് ആരംഭിച്ചിരുന്നു. സ്റ്റാലിന്, റോയിയെ കാണാന് വിസമ്മതിക്കുകയും പിന്നീട് റഷ്യയില് നിന്നും രക്ഷപെട്ട് 1930 ഡിസംബറില് ഇന്ത്യയില് തിരിച്ചെത്തുകയും ചെയ്തു.
1931 ജൂലൈ 21-ന് റോയിയെ ഇന്ത്യയിലെ ബ്രിട്ടീഷ് സർക്കാർ അറസ്റ്റ് ചെയ്യുകയും 12 വര്ഷത്തെ കഠിനതടവ് ലഭിക്കുകയും ചെയ്തു. അപ്പീലിലൂടെ ശിക്ഷാകാലം 6 വര്ഷമായി ചുരുക്കിയെങ്കിലും ജയില്വാസം റോയിയുടെ ആരോഗ്യം ക്ഷയിപ്പിച്ചു. 5 വര്ഷവും 4 മാസങ്ങള്ക്കും ശേഷം 1936 നവംബറില് ജയില് മോചിതനായി. അപ്പോഴേയ്ക്കും പക്ഷെ കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും റോയി തഴയപ്പെട്ടിരുന്നു.
പിന്നീട് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു തിരുത്തൽ ശക്തിയെന്ന നിലയിൽ "ഇൻഡിപെൻഡന്റ് ഇന്ത്യ" എന്ന ആഴ്ച തോറുമുള്ള പത്രവും രാഷ്ട്രീയപ്രവർത്തനവുമായി സജീവമായി നിലകൊണ്ടു. സ്റ്റാലിൻ-ഹിറ്റ്ലർ രഹസ്യ ഉടമ്പടി തകർത്ത് ജർമ്മനി സോവിയറ്റ് യൂണിയനെ ആക്രമിച്ചപ്പോൾ കമ്യൂണിസ്റ്റ് പാർട്ടിയേക്കാൾ നേരത്തേതന്നെ ബ്രിട്ടീഷ് അനുകൂല നിലപാട് എടുത്ത ആളാണ് എം.എൻ റോയി. അതുകൊണ്ടുതന്നെ റോയിയുടെ പത്രത്തിനും പത്രപ്രവർത്തനത്തിനുമായി 13,000 രൂപാ പ്രതിമാസ വരുമാനം ബ്രിട്ടീഷ് സർക്കാർ റോയിക്ക് നൽകിയിരുന്നു. 6 മാസത്തേക്കുള്ള കരാർ സംബന്ധിയായ എസ്ക്ലൂസീവ് തെളിവാണ് കേരളീയം പുത്തുവിടുന്നത്. (തെളിവ്-1)
NAI File No:- HOME_POLITICAL_I_1942_NA_F-7-4
ആ തെളിവ് മറ്റൊരു രേഖയെ പരാമർശിക്കുന്നുണ്ടെങ്കിലും അത് ഇന്ത്യൻ നാഷണൽ ആർക്കൈവ്സിലോ ബ്രിട്ടീഷ് ലൈബ്രറിയിലോ ലഭ്യമല്ല.
കമ്യൂണിസ്റ്റ് പാർട്ടി ബ്രിട്ടീഷ് ദാസ്യപ്പണി ഏറ്റെടുക്കും മുൻപുതന്നെ റോയിയുമായി ബ്രിട്ടീഷുകാർ ധാരണയിലെത്തിയിരുന്നു. 1941-ന്റെ മദ്ധ്യത്തിനുശേഷം റോയിയെ ചാക്കിലാക്കാൻ ആരംഭിച്ച ബ്രിട്ടീഷുകാർ, 1942 തുടക്കത്തോടെ വിജയത്തിലെത്തി. റോയിയേയും കമ്യൂണിസ്റ്റ് പാർട്ടിയെയും ഒരേരീതിയിൽ പാട്ടിലാക്കാനാണ് ബ്രിട്ടീഷുകാർ ശ്രമിച്ചത്. (തെളിവ്-2)
NAI File No:- HOME_POLITICAL_I_1942_NA_F-7-4
പിന്നീട് മാസങ്ങൾ കഴിഞ്ഞാണ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ബ്രിട്ടീഷ് സർക്കാർ രഹസ്യസന്ധിയിൽ എത്തുന്നത്. രണ്ടുകൂട്ടരേയും ബ്രിട്ടീഷുകാർ സമീപിച്ചത് ഒരേ ലക്ഷ്യത്തിനും ഒരേ സമീപനത്തിലൂടെയുമാണെന്ന് ബ്രിട്ടീഷ് രേഖകൾ വ്യക്തമാക്കുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിൽ ആയുധങ്ങളും "പിന്തുണയും" നൽകി കൂടുതൽ ആളുകളെ ഗറില്ലാ യുദ്ധത്തിനും ആഭ്യന്തര സംരക്ഷണത്തിനുമായും ഉൾക്കൊള്ളിക്കുക എന്നതായിരുന്നു ലക്ഷ്യം. (തെളിവ്-3)
NAI File No:- HOME_POLITICAL_I_1942_NA_F-7-4
ബ്രിട്ടീഷുകാർ കമ്യൂണിസ്റ്റ് പാർട്ടിയുമായി രഹസ്യബന്ധത്തിൽ ഏർപ്പെട്ടു എന്ന ചരിത്ര തെളിവുകളും, കേരളീയം നേരത്തെ പുറത്തുവിട്ട, ബ്രിട്ടീഷുകാരിൽ നിന്നും പണവും ആയുധങ്ങളും കൈപ്പറ്റി കമ്യൂണിസ്റ്റ് പാർട്ടിക്കാർ യുദ്ധം ചെയ്തുവെന്ന ഡോ. അംബേദ്‌കറിന്റെ വെളിപ്പെടുത്തലും കൂട്ടിവായിച്ചാൽ ബ്രിട്ടീഷുകാർ ആ ലക്‌ഷ്യം കൈവരിച്ചു എന്ന് കരുതാം.
അതേസമയം റോയിയും അനുഭാവികളും സോവിയറ്റ് നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റുകാർ അല്ലാതിരുന്നതുകൊണ്ട് കമ്യൂണിസ്റ്റ് പാർട്ടിയുമായി പടലപ്പിണക്കങ്ങൾ ഉണ്ടായിരുന്നു. ബ്രിട്ടീഷ് സർക്കാരിന്റെ ഭാഗമായിരുന്ന ഗ്രിഫിത്ത് എന്ന തൊഴിൽ വകുപ്പ് മേധാവി മുഖേന റോയി വിഭാഗക്കാർ13,000 രൂപ കൈപ്പറ്റി എന്ന് മനസ്സിലാക്കിയ ഡൽഹിയിലെ കമ്യൂണിസ്റ്റുകാർ അത് പുറത്തുവിടുന്നതിനെക്കുറിച്ചും റോയിയെയും കൂട്ടരെയും മോശക്കാരനായി ചിത്രീകരിക്കാൻ, ഡൽഹിയിലെ കമ്യൂണിസ്റ്റുകാർ പാർട്ടി സെക്രട്ടറി പി.സി ജോഷിയുടെ അനുവാദത്തിനായി കാത്തിരിക്കുകയാണ് എന്നതിനെക്കുറിച്ചുമുള്ള തെളിവ് ലഭ്യമാണ്. അതോടൊപ്പം, പാർട്ടിയുടെ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിനായി ബ്രിട്ടീഷ് സർക്കാരിൽനിന്നും 37,000 രൂപാ കമ്യൂണിസ്റ്റ് പാർട്ടിയും കൈപ്പറ്റി എന്ന റോയിയുടെ ആളുകളുടെ ആരോപണവും നൽകിയിരിക്കുന്നു. (തെളിവ്-4)
NAI File No:- HOME_POLITICAL_I_1942_NA_F-7-4
അതായത് ദേശാഭിമാനി ഉൾപ്പെടെയുള്ള പാർട്ടിയുടെ ബ്രിട്ടീഷ് അനുകൂല പ്രചാരണ പ്രവർത്തനങ്ങൾക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങൾക്കും സബ്സിഡികൾക്കും പുറമെ, കമ്യൂണിസ്റ്റ് പാർട്ടിയും നേതാക്കളും കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് അകന്നു നിൽക്കുന്ന കമ്യൂണിസ്റ്റ് നേതാക്കളും ബ്രിട്ടീഷ് സർക്കാരിൽനിന്ന് പണം സ്വീകരിച്ചിരുന്നു എന്ന് കരുതണം. ബ്രിട്ടീഷ് അനുകൂല പ്രൊപ്പഗണ്ട പ്രചരിപ്പിക്കാനായി പത്രക്കടലാസും വൈദ്യുതിയും മറ്റ് "സഹായങ്ങളും" കമ്യൂണിസ്റ്റ് പാർട്ടിക്ക് നല്കിയതുമായ നിരവധി തെളിവുകൾ കേരളീയം നേരത്തെതന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ബ്രിട്ടീഷ് സാമ്പത്തിക സഹായം സംബന്ധിച്ച കമ്യൂണിസ്റ്റ് പടലപ്പിണക്കങ്ങൾ ബ്രിട്ടീഷുകാർക്ക് തലവേദന സൃഷ്ടിച്ചുവെന്ന് അവരുടെ രഹസ്യ കത്തിടപാടുകളിൽനിന്ന് വ്യക്തമാണ്. റോയിക്ക് പണം നൽകുന്നതുമായി സംബന്ധിച്ച രേഖകൾ രഹസ്യമായി കണക്കാക്കിയില്ലേ എന്നുള്ള ആശങ്കയും ഇത്തരത്തിലുള്ള "സ്കീമുകൾ" രഹസ്യമായി സംരക്ഷിക്കണം എന്നുള്ള നിർദ്ദേശങ്ങളും ഇതോടൊപ്പം പുറത്തുവിടുന്നു. അതിൽ പി.സി.ജോഷിയോട്, എം.എൻ റോയിയുമായി "നല്ല കുട്ടിയായി കളിക്കണം" എന്ന ബ്രിട്ടീഷ് താക്കീതും കാണാം. (തെളിവ്-5)
NAI File No:- HOME_POLITICAL_I_1942_NA_F-7-4
ബ്രിട്ടീഷ് ഉദ്യോഗസ്ഥർ തമ്മിലുള്ള ആശയവിനിമയങ്ങൾ വായിച്ചാൽ രണ്ടാം ലോകമഹായുദ്ധത്തിനെ സഹായിക്കുന്നവരെ പണം കൊടുത്ത് പാട്ടിലാക്കുന്ന "സ്‌കീം" ബ്രിട്ടീഷുകാർ നടപ്പിലാക്കിയിരുന്നു എന്നത് സുവ്യക്തമാകുന്നുണ്ട്. അത്തരത്തിൽ ബ്രിട്ടീഷ് പക്ഷത്തിലെത്തിയ കമ്യൂണിസ്റ്റ് പാർട്ടിയെയും റോയി അനുകൂലികളെയും യോജിപ്പിച്ച് കൊണ്ടുപോകാൻ ബ്രിട്ടീഷുകാർ ശ്രദ്ധിച്ചിരുന്നു എന്നും മനസ്സിലാക്കാം. അതുമാത്രമല്ല കമ്യൂണിസ്റ്റ് പാർട്ടിയും റോയി അനുകൂലികളും തമ്മിൽ യോജിക്കാനാവാതെ വന്നാൽ റോയിയെ തള്ളിക്കളയാം എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ നിലപാടും ശ്രദ്ധേയമാണ്. കമ്യൂണിസ്റ്റുകാർക്ക് ഫണ്ടിംഗ് ചെയ്യുന്ന നിർദ്ദേശങ്ങൾ നമ്മൾ ഒഴിവാക്കണം എന്നുള്ള ബ്രിട്ടീഷ് നിർദ്ദേശം സൂചിപ്പിക്കുന്നത് ചില കമ്യൂണിസ്റ്റ് നേതാക്കളും ബ്രിട്ടീഷ് പണം പറ്റിയിരുന്നവർ ആയിരുന്നു എന്നാണ്.
ഈ പണമിടപാട് സംബന്ധിച്ച നീണ്ട കത്തിടപാടുകളിൽ എവിടെയും കമ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക നേതാക്കൾ പണം വാങ്ങിയിട്ടില്ല/വാങ്ങില്ല എന്ന രീതിയിൽ ഒരു പരാമർശവും ഇല്ല എന്നതും വ്യക്തമാക്കട്ടെ. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക ഘടകം സംഘടിപ്പിച്ച All India Students National Defence Conference സംബന്ധിച്ച് പണം നല്കിയിരുന്നോ എന്നും അതേക്കുറിച്ച് തനിക്ക് അറിവില്ല എന്നും സ്മിത്ത് എന്ന ഉദ്യോഗസ്ഥർ ഈ രേഖകളിൽ വ്യക്തമാക്കുന്നുണ്ട്.
പിന്നീട് റോയിക്കും കൂട്ടർക്കും ബ്രിട്ടീഷ് അനുകൂല പ്രൊപ്പഗണ്ട കാര്യക്ഷമമായി നടപ്പിലാക്കാൻ ആകുന്നില്ല എന്ന് ബ്രിട്ടീഷുകാർ വിലയിരുത്തുന്നുണ്ട്. അപ്പോഴേയ്ക്കും കമ്യൂണിസ്റ്റ് പാർട്ടിയുടെ "വലിയ സഹായം" ഉറപ്പാക്കിയ ബ്രിട്ടീഷുകാർ റോയിയെ തഴഞ്ഞതുമാകാം.
കമ്യൂണിസ്റ്റുകാരും അല്ലാത്തവരുമായ ജനങ്ങൾ ഇന്നും ബഹുമാന്യരായി കാണുന്ന എം.എൻ റോയിയേപ്പോലുള്ള ആളുകളും കമ്യൂണിസ്റ്റ് പാർട്ടി സംവിധാനവും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽ നിന്ന് പണം സ്വീകരിച്ച് സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തു എന്ന ചരിത്രസത്യം ജനം തിരിച്ചറിയട്ടെ.









Comments
Post a Comment