കയ്യൂർ രക്തസാക്ഷികൾ! കമ്യൂണിസ്റ്റ് പാർട്ടിയുടെ അടവുനയത്തിന്റെ രക്തസാക്ഷികൾ!
രക്തസാക്ഷികൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്വത്തായാണ് അവർ കണക്കാക്കുന്നത്. പാർട്ടി വളർത്താനും പോരാട്ടം നടത്താനും രക്തസാക്ഷികളെ സൃഷ്ടിച്ചെടുക്കുന്നു എന്നുള്ള ആരോപണം അന്നും ഇന്നും കമ്യൂണിസ്റ്റ് പാർട്ടി നേരിടുന്നുണ്ട്. പിന്നാക്കാവസ്ഥയും ദാരിദ്ര്യവും മുതലെടുത്ത്, അന്ധമായ പാർട്ടി വിധേയത്വമുള്ള അണികളായി ജനങ്ങളെ വാർത്തെടുക്കുകയും അവരെ പോരാട്ടങ്ങളിലേയ്ക്ക് തള്ളിവിട്ട് രക്തസാക്ഷികളാക്കുകയും ചെയ്യുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ രീതി സ്വാതന്ത്ര്യസമരകാലഘട്ടത്തിലും ഉണ്ടായിരുന്നു. പുഷ്പനും അഭിമന്യുവും ഒക്കെ കമ്യൂണിസ്റ്റ് പാർട്ടിയുടെ കോടാലിക്കൈ ആയിരുന്നു എന്നതുപോലെ തന്നെ ആയിരുന്നു ബ്രിട്ടീഷുകാരാൽ തൂക്കിലേറ്റപ്പെട്ട കയ്യൂർ സഖാക്കളും എന്നതാണ് അധികം ചർച്ച ചെയ്തിട്ടില്ലാത്ത വസ്തുത. കേരളീയം ഇത് സംബന്ധിച്ച പുതിയ ഒരു ഫയൽ രേഖകൾ പുറത്തുവിടുന്നു.
നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ ഫയൽ പേര്: Dropping of the Question to Prohibit the Entry Into India of the Pamphlets Entitled India`S Problem
ഫയൽ നമ്പർ: HOME_POLITICAL_I_1943_NA_F-41-3
::::കമ്യൂണിസ്റ്റ് ചതിയുടെ ചരിത്രം ചുരുക്കത്തിൽ::::
സോവിയറ്റ് യൂണിയന്റെ ആജ്ഞാനുവർത്തികളായിരുന്ന ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്കാരുടെ നേതാവ് ജോസഫ് സ്റ്റാലിനും, ജർമ്മൻ ഫാഷിസ്റ്റ് ആയിരുന്ന ഹിറ്റ്ലറും തമ്മിൽ സഖ്യത്തിൽ ആയിരുന്ന കാലംവരെ, എതിർ ചേരിയിലായിരുന്ന ബ്രിട്ടീഷുകാർക്കെതിരെയാണ് ഇന്ത്യൻ കമ്യൂണിസ്റ്റുകാർ നിലകൊണ്ടത്. എന്നാൽ 1941 ൽ ഹിറ്റ്ലർ, സോവിയറ്റ് യൂണിയനെ ആക്രമിച്ചതോടെ അതുവരെ മിത്രമായിരുന്ന ഹിറ്റ്‌ലർ ശത്രുവായി മാറുകയും ശത്രുവായിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വം മിത്രമായി മാറുകയും ചെയ്തു. തുടർന്ന് സോവിയറ്റ് യൂണിയന്റെ ആജ്ഞകൾ അനുസരിച്ച് ബ്രിട്ടീഷുകാരുമായി ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി "അതീവ രഹസ്യമായി" സഖ്യം സ്ഥാപിക്കുകയും ചെയ്തു. ഒരൊറ്റ രാത്രികൊണ്ട് അതുവരെ പറഞ്ഞതെല്ലാം വിഴുങ്ങിയാൽ തങ്ങളുടെ വിശ്വാസ്യതയെ ബാധിക്കും എന്നും പാർട്ടിക്ക് ഇന്ത്യൻ സ്വാതന്ത്ര്യ താല്പര്യമല്ല ഉള്ളത് എന്ന സത്യം ജനങ്ങൾക്ക് ഉൾക്കൊള്ളാനാകില്ല എന്നും അറിഞ്ഞുകൊണ്ടാണ് പാർട്ടി എല്ലാം രഹസ്യമായി ചെയ്തത്.
ജനങ്ങളോട് ബ്രിട്ടൻ ഇപ്പോഴും ശത്രു തന്നെയാണെന്നും ഇന്ത്യൻ സ്വാതന്ത്ര്യമാണ് തങ്ങളുടെ ലക്ഷ്യം എന്ന് ധരിപ്പിക്കുന്നതോടൊപ്പം ജർമ്മൻ സഖ്യത്തിലുള്ള ജപ്പാൻ ഇന്ത്യയെ കീഴടക്കാൻ വരുന്നതുകൊണ്ട് തങ്ങൾ ഫാസിസ്റ്റ് വിരുദ്ധത സ്വീകരിക്കുന്നു എന്നുള്ള താത്വിക വിശദീകരണമാണ് അവർ ജനങ്ങൾക്ക് നൽകിയിരുന്നത്. എന്നാൽ സത്യത്തിൽ കമ്യൂണിസ്റ്റ് പാർട്ടി ബ്രിട്ടീഷ് സർക്കാരുമായി "രഹസ്യ" ചർച്ചകൾ നടത്തി ബ്രിട്ടീഷ് അനുകൂല നിലപാട് മാത്രമേ സ്വീകരിക്കൂ എന്നുള്ള ഉറപ്പുകൾ കൊടുക്കുകയും അക്കാര്യം ബോധ്യമായ ബ്രിട്ടീഷ് വാർ ക്യാബിനറ്റ് ഈ തന്ത്രപരമായ സഖ്യത്തിന് പച്ചക്കൊടി കാണിക്കുകയുമാണ് ഉണ്ടായത്. ഇതിന്റെയെല്ലാം രേഖകൾ ഇന്ന് ബ്രിട്ടീഷ് ലൈബ്രറിയിലും നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയിൽ ആർക്കും വായിക്കാവുന്ന വിധത്തിൽ ലഭ്യമാണ് എന്നുള്ളതുകൊണ്ട് ഇതൊരു ആരോപണമോ നരേറ്റിവോ അല്ല എന്ന് ഉറപ്പിക്കാം. ഇക്കാര്യം ബോധ്യമുള്ളതുകൊണ്ടാണ് ദേശാഭിമാനി അടക്കമുള്ള കമ്യൂണിസ്റ്റ് പത്രങ്ങൾ 1942 ലെ കമ്യൂണിസ്റ്റ് പാർട്ടി-ബ്രിട്ടീഷ് സഖ്യത്തിന് ശേഷം ബ്രിട്ടീഷ് സഹായത്തോടെ ആരംഭിച്ചതാണ് എന്നുള്ള ആരോപണങ്ങൾക്കെതിരെ നിയമപരമായോ രാഷ്ട്രീയമായോ ധാർമ്മികമായോ നേരിടാൻ ഇന്നത്തെ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് സാധിക്കാത്തത്.
::::കയ്യൂർ സഖാക്കളെ കമ്യൂണിസ്റ്റ് പാർട്ടി കൊലക്ക് കൊടുത്തതാണോ?::::
ഇത്തരമൊരു ചർച്ച നേരത്തെ ആരംഭിച്ചിട്ടുണ്ട് എങ്കിലും വ്യക്തമായി ബന്ധിപ്പിക്കുന്ന ചരിത്ര സൂചികകൾ കുറവായിരുന്നു. 1943 ൽ രാജ്യത്താകമാനം വിതരണം ചെയ്ത ഒരു ലഘുലേഖയിലെ കയ്യൂർ സഖാക്കളെയും കേരളത്തിലെ പാർട്ടിയുടെ പ്രവർത്തനങ്ങളെയും പ്രതിപാദിക്കുന്ന പേജുകളാണ് ഇതോടൊപ്പം ചേർത്തിരിക്കുന്നത്. അവ വിശകലനം ചെയ്താൽ എങ്ങനെയാണ് കമ്യൂണിസ്റ്റ് പാർട്ടി ജനങ്ങളോട് നിലപാടുകൾ വിവരിച്ചിരുന്നത് എന്നതിന്റെ രൂപരേഖ ലഭിക്കും. അതും ജനങ്ങൾ അറിയാതെ "രഹസ്യമായി" ബ്രിട്ടീഷുകാരുമായി നടത്തിയിരുന്ന കത്തിടപാടുകളും അപഗ്രഥിച്ചാൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി പാർട്ടി സ്വീകരിച്ച "അടവുനയം" എന്തെന്ന് വ്യക്തമാകും. അന്നായാലും ഇന്നായാലും കമ്യൂണിസ്റ്റ് പാർട്ടിക്ക് ഉള്ളത് നിലപാടുകളല്ല, അടവുനയങ്ങൾ മാത്രമാണ് എന്ന വസ്തുതയും നമ്മൾ ഇതോടൊപ്പം മനസ്സിലാക്കണം.
പേജ് 1: "ഇന്ത്യാസ് പ്രോബ്ലെംസ്" എന്ന തലക്കെട്ടിൽ കമ്യൂണിസ്റ്റ് പാർട്ടി ഇറക്കിയ ലഘുലേഖയിലെ നാല്(അഞ്ച്) കയ്യൂർ സഖാക്കളെ രക്ഷിക്കുന്ന വിഷയം വിവരിക്കുന്ന ഭാഗത്തിന്റെ ആമുഖമായി പാർട്ടിയുടെ നിരോധനം നീക്കിയത് ജനങ്ങളുടെ വിജയമായും സാമ്രാജ്യത്വത്തിന്റെ പരാജയമായും വിവരിച്ചിരിക്കുന്നു. അതോടൊപ്പം ബ്രിട്ടീഷ് സർക്കാർ പാർട്ടിയുടെ "ജനകീയ യുദ്ധ നിലപാടിനെ" സഹായിക്കും എന്ന് അറിയിക്കുന്നതോടൊപ്പം സർക്കാർ പാർട്ടി നേതാക്കളെ മുഴുവൻ ജയിൽ മോചിതരാക്കിയിട്ടില്ല എന്നും അറിയിക്കുന്നു. അതിന് ഉദ്യോഗസ്ഥമേധാവിത്വത്തെ അവർ പഴിക്കുകയും ചെയ്യുന്നു.
പേജ് 2: രണ്ടാം പേജിൽ ബ്രിട്ടീഷുകാരുടെ തടസ്സങ്ങൾ ഒഴിവായി പ്രവർത്തിക്കുന്ന കൃഷ്ണപിള്ളയെയും ഇ.എം.എസിനെയും കുറിച്ച് പറയുന്നതോടൊപ്പം പാർട്ടിയുടെ ജപ്പാൻ വിരുദ്ധ ജനകീയയുദ്ധത്തെ പ്രകീർത്തിച്ച് വിവരങ്ങൾ കൊടുത്തിരിക്കുന്നു. അതോടൊപ്പം "യുദ്ധമോ കഴുമരമോ?" എന്ന തലക്കെട്ടിൽ പാർട്ടിയുടെ പുത്തൻ നയവ്യതിയാനത്തിനെ ന്യായീകരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു. പാർട്ടി ബ്രിട്ടീഷ് സർക്കാരിന്റെ പക്ഷത്ത് പ്രവർത്തിക്കുന്നു എന്ന് "തെറ്റിദ്ധരിച്ച" സഖാക്കൾക്ക് മറുപടി എന്ന രീതിയിലാണ് ഇക്കാര്യം വിവരിച്ചിരിക്കുന്നത്.
പേജ് 3: പാർട്ടി സർക്കാർ പക്ഷത്തായിരുന്നു എങ്കിൽ കയ്യൂർ സഖാക്കൾക്ക് തൂക്കിലേറ്റപ്പെടാനുള്ള വിധി ലഭിക്കില്ലല്ലോ എന്ന് ധരിപ്പിക്കുന്ന വിധത്തിൽ ബോൾഡ് ആയാണ് ഇക്കാര്യം ലഘുലേഖയിൽ വിവരിച്ചിരിക്കുന്നത്. തുടർന്ന് കഴുമരം വിധിക്കപ്പെട്ട സഖാക്കൾക്ക് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ മരിക്കാനുള്ള അവസരം നഷ്ടപ്പെട്ട് സർക്കാരിനാൽ കൊല്ലപ്പെടുമോ എന്ന ആശങ്ക ചോദ്യമായി ചോദിച്ചിരുന്നു. അതും ബോൾഡ് ആയ അക്ഷരങ്ങളാൽതന്നെ. പിന്നീട് ഇതിന് മറുപടി, "അതിനുള്ള ഉത്തരം മലബാറിലെ ജനങ്ങൾക്ക് അറിയാം" എന്ന് ക്യാപ്പിറ്റൽ അക്ഷരങ്ങളിൽ താത്വിക അഭ്യാസം നടത്തിയിരിക്കുന്നു.
ഇതിൽനിന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പാർട്ടി ബ്രിട്ടീഷ് പക്ഷത്തല്ല ഉള്ളത് എന്നും ജനങ്ങളെ ബോധ്യപ്പെടുത്താൻ കയ്യൂർ സഖാക്കളുടെ വിധി പാർട്ടി ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു എന്ന് മനസ്സിലാക്കാം. അതായത് പ്രമുഖരായ പാർട്ടി നേതാക്കൾ ജയിൽ മോചിതരായി ബ്രിട്ടീഷ് അനുകൂല പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ കമ്യൂണിസ്റ്റ് പാർട്ടി ബ്രിട്ടീഷുകാരോടൊപ്പം ചേർന്നു എന്ന പ്രതീതിയെ ചെറുക്കാൻ കയ്യൂർ സഖാക്കളെ പാർട്ടി കൊലക്ക് കൊടുത്തു എന്ന് കരുതേണ്ടിവരും. അല്ലെങ്കിൽ എല്ലാ പാർട്ടി നേതാക്കളുടെയും ലിസ്റ്റുകൾ നൽകി മോചനം ഉറപ്പാക്കിയ പാർട്ടിക്ക് ഇവരെ മോചിപ്പിക്കാനുള്ള സമ്മർദ്ദം ചെലുത്താൻ സാധിച്ചില്ല എന്നത് വിശ്വാസ്യയോഗ്യമല്ല.
പിന്നീടുള്ള പാർട്ടി പ്രചാരതന്ത്രങ്ങൾ എല്ലാം കയ്യൂർ സഖാക്കളെ സംരക്ഷിക്കാനും മോചിപ്പിക്കാനും പാർട്ടി നടത്തുന്ന "ഇടപെടലുകളും" "പോരാട്ടങ്ങളും" ജനങ്ങളെയും പാർട്ടി അനുയായികളെയും ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാത്രമാണ്. കേസിൽ അകപ്പെട്ട അഞ്ചുപേരിൽ ചിരുകണ്ടൻ കൃഷ്ണൻ നായർ എന്ന യുവാവ് പ്രായക്കുറവിന്റെ ആനുകൂല്യത്തിൽ മാത്രം തൂക്കുകയറിൽനിന്ന് രക്ഷപെട്ടു. ബാക്കി നാലുപേരും പാർട്ടിയുടെ "രഹസ്യ സഖ്യകക്ഷിയായ" ബ്രിട്ടീഷ് സർക്കാരിന്റെ കഴുമരത്തിൽ ജീവൻ വെടിഞ്ഞു.
അവർ കഴുമരത്തിൽ ഏറുന്നതിന്റെ തലേന്ന് വൈകിട്ട് അന്നത്തെ പാർട്ടി ജനറൽ സെക്രട്ടറിയും ബ്രിട്ടീഷ്-കമ്യൂണിസ്റ്റ് പാർട്ടി "രഹസ്യ സഖ്യത്തിന്റെ" പ്രയോഗ്ത്താവുമായ പി.സി.ജോഷി അവരെ ജയിലിൽ പോയി കണ്ടു. പാർട്ടിയുടെ അടവുനയത്തിന്റെ വിജയത്തിനായി രക്തസാക്ഷിയാകാൻ പോവുന്ന സഖാക്കളോട് നമ്മുടെ പാർട്ടി ഇപ്പോൾ ബ്രിട്ടീഷ് പക്ഷത്താണ് എന്ന സത്യം ജോഷി അവരോട് പറഞ്ഞിട്ടില്ല എന്ന കാര്യം ഉറപ്പാണ്. സത്യം പറയുക എന്നത് കമ്യൂണിസ്റ്റ് പാർട്ടിക്ക് ചേർന്ന കാര്യമല്ലല്ലോ. ഒരുപക്ഷെ പാർട്ടിക്ക് അഞ്ച് രക്തസാക്ഷികളെ ലഭിക്കാൻ പോകുന്നു എന്ന രീതിയിൽ ജോഷി സന്തോഷിച്ചിരിക്കാനും സാധ്യതയുണ്ട്.







Comments
Post a Comment